ഷാർജ: അവകാശികളില്ലാതെ ഷാർജയിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കാനിരുന്ന പത്തനംതിട്ട മല്ലപ്പുഴ സ്വദേശി ജിനു രാജിന്റെ (42) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
കഴിഞ്ഞ ജൂലെെ ആറിന് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ ജിനുവിനെ ഷാർജ കുവൈറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഏകദേശം മൂന്ന് മാസത്തിലേറെയായിട്ടും ജിനുവിന്റെ മരണം ബന്ധുക്കളോ സുഹൃത്തുക്കളോ അറിഞ്ഞിരുന്നില്ല.
ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ ജിനു തടവിലാണെന്ന തെറ്റിധാരണയായിരുന്നു നാട്ടിലുണ്ടായിരുന്നത്. തുടർന്ന്, സഹോദരി ജിജി നടത്തിയ അന്വേഷണത്തിലും വിവരമൊന്നും ലഭിക്കാതെ വന്നതോടെ അവർ സഹായത്തിനായി ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിംഗ് കൗൺസലും എസ്എൻഡിപി യോഗം പന്തളം യൂണിയൻ പ്രസിഡന്റുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയെ സമീപിച്ചു.
സിനിൽ മുണ്ടപ്പള്ളി എസ്എൻഡിപി യോഗം യുഎഇ സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പ്രസാദ് ശ്രീധരനുമായി ബന്ധപ്പെടുകയും അദ്ദേഹം അന്വേഷണം യാബ് ലീഗൽ സർവീസ് സലാം പാപ്പിനിശേരിയെ ഏൽപ്പിക്കുകയും ചെയ്തു.
സലാം പാപ്പിനിശേരിയുടെ ഇടപെടലാണ് കേസിൽ വഴിത്തിരിവായത്. ജിനു യുഎഇ ജയിലുകളിൽ ഇല്ലെന്നും മൃതദേഹം ഷാർജ പോലീസ് മോർച്ചറിയിൽ ഉണ്ടെന്നും കണ്ടെത്താനായി.
തുടർന്ന്, കോടതിയുമായി ബന്ധപ്പെട്ട് മൃതദേഹം ഇവിടെ അടക്കം ചെയ്യാനുള്ള തീരുമാനത്തിന് സ്റ്റേ വാങ്ങുകയും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമതടസങ്ങൾ നീക്കുകയും ചെയ്തു.
ജിനുവിന്റെ ബന്ധുവായ വിൽസനെ പ്രസാദ് ശ്രീധരൻ കണ്ടെത്തുകയും യാബ് ലീഗൽ സർവീസ് പ്രതിനിധികള്, എസ്എൻഡിപി യോഗം പ്രവർത്തകർ എന്നിവർ ചേർന്ന് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
ചൊവ്വാഴ്ച എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകും. അമ്മ നേരത്തെ മരിച്ച ജിനുവിന് പിതാവും സഹോദരി ജിജിയുമായിരുന്നു പ്രധാന ആശ്രയം.
2023ൽ വീസ കാലാവധി കഴിഞ്ഞ ഇദ്ദേഹം വിസിറ്റിംഗ് വീസയിലാണ് ഷാർജയിൽ തുടർന്നത്. ജോലി നഷ്ടപ്പെട്ട ശേഷം, റഷ്യയിലും മറ്റും കൊണ്ടുപോകാമെന്ന വാഗ്ദാനത്തിൽ യുഎഇയിലെ മലയാളി ഏജന്റുമാരുടെ ചതിയിൽപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമത്തിലായിരുന്നു ജിനു.